Matthew 25

പത്തു കന്യകമാരുടെ സാദൃശ്യകഥ

1“മണവാളനെ എതിരേൽക്കാൻ അവരവരുടെ വിളക്കുകളുമായി ഒരിക്കൽ പുറപ്പെട്ട പത്തു കന്യകമാരോട് സ്വർഗരാജ്യത്തെ ഉപമിക്കാം. 2അവരിൽ അഞ്ചുപേർ ബുദ്ധിശൂന്യരും അഞ്ചുപേർ വിവേകമുള്ളവരും ആയിരുന്നു. 3ബുദ്ധിശൂന്യർ തങ്ങളുടെ വിളക്കുകളെടുത്തെങ്കിലും അവയോടുകൂടെ ആവശ്യത്തിന് എണ്ണ എടുത്തിരുന്നില്ല. 4എന്നാൽ വിവേകമുള്ളവരോ, തങ്ങളുടെ വിളക്കുകളോടുകൂടെ കുപ്പികളിൽ എണ്ണയും എടുത്തു. 5മണവാളൻ വരാൻ വൈകി; അവരെല്ലാവരും മയക്കംപിടിച്ച് ഉറക്കമായി.

6“അർധരാത്രിയിൽ, ‘ഇതാ മണവാളൻ! അദ്ദേഹത്തെ വരവേൽക്കാൻ പുറപ്പെടുക’ എന്ന് ആർപ്പുവിളിയുണ്ടായി.

7“കന്യകമാർ എല്ലാവരും ഉണർന്നു, അവരവരുടെ വിളക്കുകൾ ഒരുക്കി. 8ബുദ്ധിശൂന്യർ വിവേകമുള്ളവരോട്, ‘നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കുതരിക; ഞങ്ങളുടെ വിളക്കുകൾ അണഞ്ഞുപോകുന്നു’ എന്നു പറഞ്ഞു.

9“ ‘സാധ്യമല്ല, നാം രണ്ടുകൂട്ടർക്കുംകൂടി എണ്ണ തികയാതെവരും. അതുകൊണ്ട് എണ്ണ വിൽക്കുന്നവരുടെ അടുക്കൽച്ചെന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് വാങ്ങുക’ എന്ന് വിവേകികൾ മറുപടി പറഞ്ഞു.

10“അവർ എണ്ണ വാങ്ങാൻ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ മണവാളൻ വന്നു. ഒരുങ്ങിയിരുന്ന കന്യകമാർ അദ്ദേഹത്തോടൊപ്പം വിവാഹവിരുന്നിനായി അകത്തു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു.

11“പിന്നീട് എണ്ണ വാങ്ങാൻ പോയ കന്യകമാരും വന്നു. ‘യജമാനനേ, യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരണമേ,’ അവർ അപേക്ഷിച്ചു.

12“എന്നാൽ മണവാളൻ അവരോട്, ‘ഞാൻ നിങ്ങളെ അറിയുന്നില്ല, സത്യം!’ എന്നു പറഞ്ഞു.

13“ആകയാൽ നിങ്ങളും എപ്പോഴും ജാഗരൂകരായിരിക്കുക; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ!

താലന്തുകളുടെ സാദൃശ്യകഥ

14“ഒരു മനുഷ്യൻ ദൂരയാത്രയ്ക്കു പുറപ്പെടുമ്പോൾ തന്റെ സേവകരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഏൽപ്പിച്ച മനുഷ്യനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. 15അദ്ദേഹം, ഓരോ സേവകനും അവരവരുടെ കഴിവനുസരിച്ച്, ഒരാൾക്ക് അഞ്ച് താലന്ത്,
ഒരു താലന്ത്: ഒരു ദിവസവേതനക്കാരന്റെ 20 വർഷത്തെ കൂലിക്കു തുല്യം.
മറ്റൊരാൾക്ക് രണ്ട്, വേറെയൊരാൾക്ക് ഒന്ന് എന്നിങ്ങനെ നൽകി; തുടർന്ന് അദ്ദേഹം യാത്രയായി.
16അഞ്ചു താലന്ത് ലഭിച്ചയാൾ പോയി, ആ പണംകൊണ്ടു വ്യാപാരംചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു. 17അതുപോലെതന്നെ രണ്ടു താലന്ത് ലഭിച്ചയാൾ രണ്ടുകൂടി നേടി. 18എന്നാൽ ഒരു താലന്ത് ലഭിച്ചയാൾ അതുമായിപ്പോയി, നിലത്ത് ഒരു കുഴികുഴിച്ച് യജമാനന്റെ പണം അതിൽ മറവുചെയ്തു.

19“ഏറെക്കാലത്തിനുശേഷം ആ സേവകരുടെ യജമാനൻ മടങ്ങിയെത്തി അവരുമായി കണക്കുതീർത്തു. 20അഞ്ചു താലന്ത് ലഭിച്ച സേവകൻ യജമാനനെ സമീപിച്ച്, ‘അങ്ങ് അഞ്ചു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ അഞ്ചുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.

21“യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക.’

22“രണ്ടു താലന്ത് ലഭിച്ച സേവകനും വന്ന്, ‘യജമാനനേ, രണ്ടു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ രണ്ടുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.

23“യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക’ എന്നു പറഞ്ഞു.

24“പിന്നെ ഒരു താലന്ത് ലഭിച്ചിരുന്നവനും വന്നു. അയാൾ, ‘യജമാനനേ, വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ശേഖരിക്കുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനാണ് അങ്ങെന്ന് ഞാൻ അറിഞ്ഞിരുന്നു. 25അതുകൊണ്ട്, ഞാൻ ഭയന്നിട്ട് അങ്ങയുടെ താലന്ത് നിലത്ത് ഒളിച്ചുവെച്ചു. അങ്ങയുടെ പണം ഇതാ; ഞാൻ തിരികെ കൊണ്ടുവന്നിരിക്കുന്നു’ എന്നു പറഞ്ഞു.

26“അപ്പോൾ യജമാനൻ അവനോട് ഉത്തരം പറഞ്ഞത്, ‘ദുഷ്ടനും മടിയനുമായ ദാസാ, ഞാൻ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനെന്നും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനെന്നും നീ അറിഞ്ഞിരുന്നല്ലോ. 27എന്റെ പണം നിനക്ക് ബാങ്കിലെങ്കിലും നിക്ഷേപിക്കാമായിരുന്നല്ലോ? അങ്ങനെ ഞാൻ മടങ്ങിവരുമ്പോൾ, അതിൽനിന്ന് കുറച്ച് പലിശയെങ്കിലും എനിക്കു ലഭിക്കുമായിരുന്നല്ലോ?

28“ ‘ആ താലന്ത് അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് താലന്തുള്ളവന് കൊടുക്കുക. 29ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും. 30അയോഗ്യനായ ആ സേവകനെ പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയുക, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.’

അന്ത്യന്യായവിധി

31“മനുഷ്യപുത്രൻ തന്റെ സകലദൂതന്മാരുമായി അവിടത്തെ മഹത്ത്വത്തിൽ വരുമ്പോൾ അവിടത്തെ രാജകീയ സിംഹാസനത്തിൽ ഉപവിഷ്ടനായി 32സകലജനതയെയും തിരുസന്നിധിയിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, അവിടന്ന് ജനത്തെ വിഭജിക്കും. 33ചെമ്മരിയാടുകളെ തന്റെ വലതുഭാഗത്തും കോലാടുകളെ തന്റെ ഇടതുഭാഗത്തും നിർത്തും.

34“പിന്നെ രാജാവു തന്റെ വലതുഭാഗത്തുള്ളവരോട് ഇപ്രകാരം അരുളിച്ചെയ്യും, ‘എന്റെ പിതാവിന്റെ അനുഗ്രഹത്തിന് യോഗ്യരായവരേ, വരിക; ലോകസൃഷ്ടിക്കുമുമ്പേ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശമാക്കുക. 35എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു; ഞാൻ ഒരു അപരിചിതനായിരുന്നു, എങ്കിലും നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചു; 36ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ പരിചരിച്ചു; ഞാൻ കാരാഗൃഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു.’

37“അപ്പോൾ നീതിനിഷ്ഠർ അവിടത്തോട്: ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശപ്പുള്ളവനായി കണ്ടിട്ട് ഞങ്ങൾ അങ്ങേക്ക് ആഹാരം തന്നത്? ദാഹിക്കുന്നവനായി കണ്ടിട്ട് കുടിക്കാൻ തന്നത്? 38ഒരു അപരിചിതനായിക്കണ്ടിട്ട് ഞങ്ങൾ അങ്ങയെ സ്വീകരിക്കുകയോ നഗ്നനായിരിക്കെ വസ്ത്രം ധരിപ്പിക്കുകയോ ചെയ്തത് എപ്പോഴാണ്? 39രോഗിയായോ തടവുകാരനായോ കണ്ടിട്ട് എപ്പോഴാണ് ഞങ്ങൾ അങ്ങയെ സന്ദർശിച്ചത്?’ എന്നു ചോദിക്കും.

40“അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കുവേണ്ടി നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടി ചെയ്തതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’

41“തുടർന്ന് രാജാവ് തന്റെ ഇടതുഭാഗത്തുള്ളവരോടു കൽപ്പിക്കും: ‘കടന്നുപോകുക ശാപഗ്രസ്തരേ, പിശാചിനും അയാളുടെ കിങ്കരന്മാർക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുക. 42എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നില്ല; എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നില്ല; 43ഞാൻ ഒരു അപരിചിതനായിരുന്നു, നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചില്ല; ഞാൻ രോഗഗ്രസ്തനായിരുന്നു, കാരാഗൃഹത്തിലുമായിരുന്നു; നിങ്ങൾ എന്നെ പരിചരിച്ചില്ല.’

44“അപ്പോൾ അവരും അവിടത്തോട്, ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശക്കുന്നവനോ ദാഹിക്കുന്നവനോ സഞ്ചാരിയോ നഗ്നനോ രോഗിയോ തടവുകാരനോ ആയി കണ്ടിട്ട് ഞങ്ങൾ അങ്ങയെ സഹായിക്കാതിരുന്നത്?’ എന്നു ചോദിക്കും.

45“അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കെങ്കിലുംവേണ്ടി നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കുവേണ്ടി ചെയ്യാതിരുന്നതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’

46“പിന്നെ അവർ നിത്യശിക്ഷയിലേക്കും നീതിനിഷ്ഠർ നിത്യജീവനിലേക്കും പോകും.”

Copyright information for MalMCV